Thursday, June 30, 2011

പ്രാര്‍ത്ഥന

                                                                        ഒരിക്കല്‍ ഒരു നാട്ടില്‍ പാവപ്പെട്ട ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു. ഭാര്യയും ഒരു പെണ്‍കുട്ടിയും ഒരു ചെറു കുടിലുമായിരുന്നു അയാളുടെ ആകെയുള്ള സാമ്പാദ്യം. രണ്ടാമതൊരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കുന്നതിനിടെ അയാളുടെ ഭാര്യ മരിച്ചു. കര്‍ഷകന്‍ ഒറ്റയ്ക്കു ആ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തി. എല്ലാ ദിവസവും അയാള്‍ പാടത്തു പോയി ജോലി ചെയ്തു. പെണ്‍മക്കളോട് അത്യധികം വാത്സല്യം ഉണ്ടായിരുന്നതുകൊണ്ട് കിട്ടുന്നതെല്ലാം അയാള്‍ അവര്‍ക്കുവേണ്ടി ചെലവഴിച്ചു. രണ്ടുപേരും വളര്‍ന്നു വലുതായപ്പോള്‍ അവരെ വിവാഹം ചെയ്തയക്കാന്‍ അയാള്‍ തീരുമാനിച്ചു. ഒരു ദിവസം അയാള്‍ ആഗ്രഹിച്ചതുപോലെതന്നെ ചെറുപ്പക്കാരനായ ഒരു കര്‍ഷകന്‍ അയാളുടെ മൂത്ത മകളെ വിവാഹം അന്വേഷിച്ചു വന്നു. അയാള്‍ അവളെ ആ യുവ കര്‍ഷകന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. രണ്ടാമത്തെ മകളെ വിവാഹം അന്വേഷിച്ചു വന്നത് ഒരു കുശവനായിരുന്നു. അധ്വാനിയായ ആ ചെറുപ്പക്കാരന് തന്നെ കര്‍ഷകന്‍ തന്‍റെ രണ്ടാമത്തെമകളെ വിവാഹം ചെയ്തു കൊടുത്തു. മക്കള്‍ രണ്ടു പേരും ഭര്‍തൃ വീടുകളിലേക്ക് പോയപ്പോള്‍ കര്‍ഷകന്‍ അയാളുടെ കുടിലില്‍ ഒറ്റക്കായി. ഒരു ദിവസം കര്‍ഷകന്‍ തന്‍റെ രണ്ടു മക്കളെയും ചെന്നു കാണാന്‍ ആഗ്രഹിച്ചു. ആദ്യം ചെന്നത് മൂത്ത മകളുടെ വീട്ടിലേക്കായിരുന്നു. അവിടെ അവള്‍ക്ക് സുഖമാണെന്ന് കണ്ട കര്‍ഷകന് സന്തോഷം തോന്നി. തിരിച്ചു പോരാന്‍ നേരം മകള്‍ അയാളോട് തനിക്കും ഭര്‍തൃ വീട്ടുകാര്‍ക്കും എല്ലാം സുഖമാണെന്നും എന്നാല്‍ ഒരു പ്രശ്നം മാത്രം ഉണ്ടെന്നും പറഞ്ഞു. അത് എന്താണെന്ന് കര്‍ഷകന്‍ തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞത് മഴക്കാലം താമസിക്കുന്നതു കൊണ്ട് അവരുടെ വിളകള്‍ വാടിപ്പോകാന്‍ തുടങ്ങുന്നു എന്നാണ്. അതു കൊണ്ട് മഴ എത്രയും പെട്ടെന്ന് പെയ്യിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാം എന്നു സമ്മതിച്ചുകൊണ്ട് അദ്ദേഹം രണ്ടാമത്തെ മകളുടെ വീട്ടിലേക്ക് പോയി. ഇളയ മകളുടെ വീട്ടില്‍ എത്തിയ കര്‍ഷകന്‍ അവിടെ അവള്‍ വളരെ സന്തോഷവതിയാണെന്നു കണ്ടു. തിരിച്ചു പോരാന്‍ നേരം മകള്‍ കര്‍ഷകനോട് താനും മറ്റുള്ളവരും ഇവിടെ വളരെ സുഖത്തിലാണെന്നും എന്നാല്‍ ഒരു പ്രയാസം മാത്രമുണ്ടെന്നും പറഞ്ഞു. അത് എന്താണെന്ന് കര്‍ഷകന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്‌ മഴക്കാലം അടുത്തതിനാല്‍ മഴ ഉടനെ പെയ്താല്‍ തങ്ങള്‍ ഉണക്കാന്‍ വെച്ച മണ്‍ കലങ്ങളൊക്കെ നശിക്കുമെന്നായിരുന്നു. അതുകൊണ്ട് കുറേ ആഴ്ചകള്‍ക്ക് മഴ പെയ്യിക്കാതിരിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് അവള്‍ പിതാവിനോട് ആവശ്യപ്പെട്ടു. കര്‍ഷകന്‍ സമ്മതിച്ചുകൊണ്ടു വീട്ടിലേക്കു മടങ്ങി. തിരികെ വീട്ടിലെത്തിയ ശേഷം ഒരു പീഠത്തിലിരുന്നു കൊണ്ട് കര്‍ഷകന്‍ ചിന്തിച്ചു: മൂത്ത മകള്‍ അവളുടെ വിളകള്‍ നശിക്കാതിരിക്കാന്‍ മഴ ഉടനെ പെയ്യണമെന്നു ആഗ്രഹിക്കുന്നു, പക്ഷേ രണ്ടാമത്തെ മകള്‍ അവളുടെ മണ്‍ കലങ്ങള്‍ നശിക്കാതിരിക്കാന്‍ മഴ ഉടനെ പെയ്യരുതെന്നും ആഗ്രഹിക്കുന്നു. ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായല്ലോ ദൈവമേ. ഞാന്‍ എന്താണ് നിന്നോട് പ്രാര്‍ത്ഥിക്കേണ്ടത്? എന്താണ് ചെയ്യേണ്ടതെന്ന് ദൈവമേ നീ തന്നെ തീരുമാനിക്കൂ.ഞാന്‍ നിസ്സഹായനാണ്. എല്ലാം ദൈവത്തിന് വിട്ടുകൊടുത്തുകൊണ്ട് അയാള്‍ സമാധാനത്തോടെ ഉറങ്ങി.....                                                                                                                  
                                                             സദീര്‍ .പി .കെ , വയനാട്    സൗദിയ                                                                         

No comments:

Post a Comment